1.4K
നമ്മുടെ പറമ്പിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, പ്രമേഹം, കൊളസ്‌ട്രോള്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയെ എല്ലാം നിയന്ത്രിക്കാന്‍ കറിവേപ്പിലക്ക് കഴിയും.
- വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
- ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തി ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നു. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും കറിവേപ്പില സഹായകമാണ്.
- ദഹന ശക്തി കൂട്ടുന്നു, വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറക്കാനും കറിവേപ്പില ഉത്തമമാണ്.
- കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ മുടി കൊഴിച്ചില്‍ കുറയും.
- കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം മാറിക്കിട്ടും.
- കാലിന്റെ ഉപ്പൂറ്റിയില്‍ പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി തേച്ച് പിടിപ്പിക്കുക. ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.
- വായുടെ അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിക്കുന്നത് നല്ലതാണ്.
- ചിലതരം ത്വക് രോഗങ്ങള്‍ക്ക് വെളിച്ചെണ്ണയില്‍ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ചാല്‍ ശമനമുണ്ടാകും.
എന്നാൽ ഈ ഗുണങ്ങൾക്കെല്ലാം അപ്പുറം വിഷമുക്തമായ ഇലകൾ തന്നെ ലഭ്യമാകണമെന്നുള്ളിടത്താണ് സ്വന്തമായ ഉത്പാദനത്തിന്റെ ആവശ്യകത ഉയർന്നു വരുന്നത്. മാരകമായ രാസവസ്തുക്കൾ ഒഴിവാക്കി, തികച്ചും ലളിതമായി പരിപാലിക്കാവുന്ന ഈ സസ്യം ഓരോ വീട്ടിലും അത്യാവശ്യമായി ഉണ്ടാവേണ്ട ഒരു അടുക്കളസസ്യമാണ്.