മഹാമാരി കാലത്തെ മറ്റൊരു ഓണം കൂടി വന്നെത്തി. കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നാഫോ ഈ പ്രതികൂല സാഹചര്യത്തിലും ഓണം പ്രൗഢിയോടെ ആഘോഷിച്ചു. നാട്ടിൽ നിന്നും സ്വന്തക്കാരിൽ നിന്നും അകന്നു കഴിയുന്ന കുവൈറ്റിലെ പ്രവാസികൾക്ക് മനസ്സിൽ പ്രത്യാശ നിറക്കുന്നതായിരുന്നു ഓൺലൈൻ ആയി സംഘടിപ്പിച്ച നാഫോയുടെ ഓണാഘോഷം. സിദ്ധാർഥ് സുധീറിന്റെ ദേവി വന്ദനത്തോടെ ആരംഭിച്ച ചടങ്ങുകൾ കുമാരി ഗോപിക മേനോൻ തന്റെ ഹൃദ്യമായ അവതരണത്തിലൂടെ ആകർഷകമാക്കി.
നാഫോ ജനറൽ സെക്രട്ടറി ശ്രീ. വിജയ് കുമാർ മേനോന്റെ സ്വാഗത ആശംസയ്ക്കു ശേഷം നാഫോ പ്രസിഡന്റ് ശ്രീ. രാജീവ് മേനോൻ നാഫോ കുടുംബത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
മലയാള തനിമയും സംസ്കാരവും വിളിച്ചോതുന്ന നാഫോ യുവതയുടെയും കുരുന്നുകളുടെയും വിവിധ നൃത്ത, സംഗീത ആവിഷ്കാരങ്ങൾ ഓണാഘോഷത്തിന് മാറ്റു കൂട്ടി. നാഫോ അംഗങ്ങൾ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങളിൽ നിന്നും ശ്രീ. കൃഷ്ണകുമാറിനെ നറുക്കെടുപ്പിലൂടെ വിജയിയായി തെരഞ്ഞെടുത്തു.
ഇന്ന് ലോകം നേരിടുന്ന മഹാമാരിയുടെ സാഹചര്യത്തിലും ഓണാഘോഷത്തിന്റെ പ്രൗഢി നിലനിർത്തിക്കൊണ്ടു ഓരോ അംഗങ്ങളുടെ വീടുകളിലും സമയാധിഷ്ഠിതമായി സദ്യ വിഭവങ്ങൾ എത്തിക്കാൻ സാധിച്ചു എന്നത് നാഫോ ഭാരവാഹികളുടെ സ്തുത്യർഹമായ പ്രവർത്തനരീതി വിളിച്ചോതുന്നു.
ഓണത്തിന്റെ ആവേശം ഒട്ടും ചോർന്നു പോകാതെ സംഘടിപ്പിച്ച ചടങ്ങുകൾക്കു കൾച്ചറൽ കമ്മിറ്റി കൺവീനർ ശ്രീ. ഉണ്ണികൃഷ്ണൻ കുറുപ്പിന്റെ നന്ദി പ്രസംഗത്തോടെ തിരശീല വീണു. പരദേശത്താണെങ്കിലും നമ്മുടെ ഐക്യവും സാഹോദര്യവും സാംസ്കാരികത്തനിമയും നിലനിർത്താൻ സാധിക്കുമെന്ന് അടിവരയിടുന്നതായിരുന്നു നാഫോയുടെ ഓണാഘോഷം.