മൂല്യബോധം

by Nafo Media Desk


ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മഹാഭാരത്തിൽ ശ്രീകൃഷ്ണഭഗവാൻ പറഞ്ഞ ചില വാക്കുകൾ പ്രസക്തമാണ് .

അതായത് പാണ്ഡവകൗരവ യുദ്ധം കഴിഞ്ഞ് ഭഗവാൻ ശ്രീകൃഷ്ണൻ ഹസ്തിനപുര രാജാവായ ധൃതരാഷ്ട്രരെയും ഗാന്ധാരിയേയും സന്ദർശിച്ചു. അപ്പോൾ ഗാന്ധാരി ശ്രീ കൃഷ്ണൻ്റെ അടുത്ത് വന്ന് തൻ്റെ വലതുകൈ ശ്രീകൃഷ്ണൻ്റെ നെഞ്ചിൽ വെച്ചു കൊണ്ട് വലിയ മാനസിക വിക്ഷോഭത്തോടെ പറഞ്ഞു….

” കൃഷ്ണാ നീ അവതാരമാണ്, അതുല്യനാണ്, ത്രികാലജ്ഞാനിയാണ് .എല്ലാം വ്യക്തമായി അറിയുന്ന വ്യക്തിയുമാണ്. നിനക്കറിയാം എൻ്റെ ഭർത്താവ് അന്ധനാണന്ന്. ഭർത്താവിനില്ലാത്ത ഒരു സൗകര്യവും എനിക്കും വേണ്ട എന്ന് തീരുമാനിച്ച ഞാൻ എൻ്റെ രണ്ടു കണ്ണുകളും കെട്ടി നടക്കുന്നു.

കൃഷ്ണാ ഒന്ന് ആലോചിച്ചു നോക്കൂ ഞങ്ങളുടെ മരണസമയത്ത് ഒരു തുള്ളി ഗംഗാജലം തരാൻ , ഒരു വായ്ക്കരിയിടാൻ ഒരു ആൺതരിയെപ്പോലും നീ ശേഷിപ്പിച്ചില്ലല്ലോ “

ഗാന്ധാരിയുടെ വികാരതീവ്രവും വേദനാജനകവുമായ വാക്കുകൾ കേട്ട ശ്രീകൃഷ്ണൻ ശാന്തനായി മറുപടി പറഞ്ഞത് :-
“അമ്മേ അമ്മയ്ക്കറിയാം ഭർത്താവിന് കണ്ണു കാണാൻ കഴിയില്ല എന്നത് .പിന്നെ എന്തിന് അമ്മ കണ്ണുകെട്ടി നടന്നു.? കുന്തീ മാതാവിനെ നോക്കൂ. നിങ്ങൾക്ക് വേണ്ട സഹായവും സേവനവും നൽകി തൻ്റെ മൂന്ന് മക്കളെയും സപത്നിയായ മാദ്രിയുടെ രണ്ടു മക്കളെയും സംരക്ഷിച്ചു.

കൊട്ടാരത്തിലെ ജോലിയെല്ലാം മുറപോലെ ചെയ്തു തീർത്തു. എത്ര കഷ്ടപ്പെട്ടാണ് അവരെ വളർത്തി വലുതാക്കിയത്.13 വർഷം വനവാസ വും പിന്നെ ഒരു വർഷം അജ്ഞാതവാസവും അവർക്ക് അമ്മയുടെ മക്കൾ വിധിച്ചു.അപ്പോഴെല്ലാം തൻ്റെ മക്കളിൽ മൂല്യബോധം വളർത്താൻ ആ അമ്മ യത്നിച്ചു.അങ്ങനെ ധർമ്മബോധത്തോടെ വളർന്ന പാണ്ഡവരെ ആർക്കും നശിപ്പിക്കാൻ കഴിഞ്ഞില്ല .

പക്ഷേ ഗാന്ധാരിയമ്മേ ,അമ്മ ചെയ്തതെന്താണ്? പാതിവ്രത്യത്തിൻ്റെ പേരിൽ കണ്ണുകൾ രണ്ടും മൂടിക്കെട്ടിനടന്നു. അതിൻ്റെ ഫലമോ? മക്കളിൽ നൂറ് പേരിലും അഹങ്കാരവും വൈരാഗ്യവും അസൂയയും വളർന്നു വന്നു. അവരെ അച്ഛനും അമ്മയും നിയന്ത്രിച്ചില്ല.തന്നിഷ്ടക്കാരായി അവർ വളർന്നു വന്നു. സ്വാർത്ഥതയുടെ മൂർത്തിമൽ ഭാവമായി നാശം വരിച്ചു.

അമ്മ ഒന്ന് മനസ്സിലാക്കണം .അമ്മയുടെ മക്കളെ കൊന്നത് ഞാനല്ല പാണ്ഡവരുമല്ല. അവരെ ഇല്ലാതാക്കിയത് അവരുടെ ചെയ്തികളാണെന്ന് അമ്മ തിരിച്ചറിയണം.”

ഇതു പോലെയാണ് നമ്മളെല്ലാവരും. കണ്ണുകൾ മുറുകെ കെട്ടി നടക്കുകയാണ്. നമ്മുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നു .ഏറ്റവും മുന്തിയ സ്ക്കൂളുകളിൽ വലിയ ഡൊണേഷൻ കൊടുത്ത് അഡ്മിഷൻ വാങ്ങുന്നു .അവർ അവിടെ കാട്ടിക്കൂട്ടുന്നതൊന്നും നമ്മൾ അറിയുന്നില്ല .

അവരുടെ ആരോഗ്യത്തിലും നമ്മൾ വളരെ ശ്രദ്ധിക്കുന്നു. ചെറിയ പനി വന്നാൽ പോലും വലിയ ആശുപത്രിയിൽ പോയി ഡിഗ്രി കൂടിയ ഡോക്ടറന്മാരെത്തന്നെ കാണിക്കുന്നു .ഹോർലിക്സും വിറ്റാമിൻ ഗുളികകളും കോംപ്ലാനും എന്ന വേണ്ട മാർക്കറ്റിൽ കാട്ടാവുന്ന എല്ലാ പോഷക മരുന്നുകളും കൊടുത്ത് അവരെ വളർത്തുന്നു.

ഇതിനു പുറമെ അവർ ആവശ്യപ്പെടുന്നതെല്ലാം വാങ്ങി കൊടുക്കുന്നു. ബൈക്കും മൊബൈൽ വില കൂടിയ വേഷവിധാനങ്ങളും എല്ലാം വാങ്ങി കൊടുത്ത് അവരെ കുഴിമടിയന്മാരാരും അമിതവണ്ണമുള്ളവരുമാക്കി മാറ്റുന്നു.

മുറുക്കിയെടുത്തും വീട് പണയപ്പെടുത്തിയും ഒക്കെ മക്കളെ great ആക്കാൻ നമ്മൾ ശ്രമിക്കുന്നു. എന്നാൽ നമ്മൾ മക്കളെ good ആക്കാൻ ശ്രമിക്കുന്നില്ല.അവർ വിജയത്തിൻ്റെ ഓരോ പടി കയറുമ്പോഴും നമ്മൾ സന്തോഷിക്കുകയാണ്. എന്നാൽ അവർ വലിയവരാകുമ്പോൾ മാതാപിതാക്കളെ തള്ളി പറയുന്നു. അതിനു കാരണം നമ്മൾ മക്കൾക്ക് അവർ ആവശ്യപ്പെട്ടതെല്ലാം കൊടുത്തുവെങ്കിലും മൂല്യബോധം മാത്രം കൊടുത്തില്ല.

അച്ഛൻ കിടന്ന കട്ടിലിൽ താനും ഒരിക്കൽ കിടക്കേണ്ടി വരുമെന്ന് മക്കൾ ഓർക്കുന്നില്ല . പണ്ട് കാന്താരി മുളകുടച്ച് പഴംകഞ്ഞിയും കുടിച്ച് അച്ഛനോടൊപ്പം കാളപൂട്ടാൻ പോയ മകന് ,സ്വന്തം അച്ഛനോടു തോന്നിയുന്ന സ്നേഹവും ആദരവും ഇന്നന്നെ കോംപ്ലാൻ ബേബി മാർക്കുണ്ടാകുകയില്ല. അതിനു കാരണം അവർക്ക് വേണ്ടത് വേണ്ടപ്പെട്ട മാതാപിതാക്കന്മാർ വേണ്ട സമയത്ത് കൊടുത്തില്ല എന്നതാണ്.

സൽഗുണ സമ്പൂർണ്ണനായ മനുഷ്യനെ വാർത്തെടുക്കാൻ മാതാപിതാക്കളും അധ്യാപകരും വിദ്യാഭ്യാസ പദ്ധതിയും ശ്രമിക്കാത്തിടത്തോളം കാലം യാതൊരു മൂല്യബോധവുമില്ലാതെ ,പണം നിർമ്മിക്കുന്ന വെറും യന്ത്രങ്ങളായി നമ്മുടെ വരും തലമുറകൾ വളർന്നു വരും.

മനുഷ്യത്വത്തിനും സ്നേഹത്തിനും വില കല്പിക്കാത്ത ഇന്നത്തെ വിദ്യാഭ്യാസം വരും തലമുറയെ എവിടെ കൊണ്ടെത്തിക്കുമെന്ന് പറയാൻ കഴിയില്ല.

സമൂഹത്തിന് നന്മ നൽകി കൊണ്ടും സ്വീകരിച്ചു കൊണ്ടും നയിക്കുന്ന ജീവിതമാണ് മൂല്യാധിഷ്ഠിത ജീവിതം ഈ മൂല്യബോധം ബാല്യത്തിൽ തന്നെ നൽകണം ഇത് നൽകാത്ത മാതാപിതാക്കൾ അമ്മയും അച്ഛനുമല്ല. നമ്മുടെ കുട്ടികളുടെ ബുദ്ധിപരവും മാനസികവും ആത്മീയവുമായ സമഗ്ര വികസനം നമ്മുടെ ഉത്തരവാദിത്വമാണ്.

Related Articles

Leave a Comment