പുഷ്പാഞ്ജലി / അര്‍ച്ചന

by Nafo Media Desk


*ഹൈന്ദവര്‍ ഏല്ലാവരും തന്നെ പുഷ്പാഞ്ജലി അര്‍ച്ചന നടത്തിയിട്ടുണ്ടാകും. പക്ഷെ കൂടുതല്‍ ആളുകളും ഈ അര്‍ച്ചനയെ കുറിച്ച് ബോധവാന്‍മാരല്ല. ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ “അര്‍ച്ചന-പുഷ്പാഞ്ജലി” എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും.

എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്. പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി നാം പുഷ്പാഞ്ജലി കഴിക്കാറുള്ളത്.

അഞ്ജലി എന്നാല്‍ കൂപ്പുകൈയോടെയുള്ള സമര്‍പ്പണം എന്നാണ് അര്‍ഥം. കൂപ്പുകൈയോടുകൂടി നാം പുഷ്പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് പുഷ്പാഞ്ജലിയാകുന്നു

പുഷ്പത്തിന്റെ ഏറ്റവും പ്രധാന ഗുണം അതിന്റെ വര്‍ണ്ണവും വാസനയുമാണ്‌. ഇവിടെ പുഷ്പം നമ്മിലുള്ള നല്ലതും ചീത്തയുമായ വാസനകളെ പ്രതിനിധാനം ചെയ്യുന്നു.

നിത്യജീവിതത്തില്‍ നമ്മെ നയിക്കുന്നത് നമ്മുടെ വാസനകള്‍ ആണ് എന്നതിനാല്‍ ആസുരിക വാസനകള്‍ ഉള്ളവര്‍ ആസുരിക മാര്‍ഗ്ഗത്തിലും ദൈവീക വാസനകള്‍ ഉള്ളവര്‍ ദൈവീക മാര്‍ഗ്ഗത്തിലും ജീവിതം നയിക്കുന്നു എന്നത് നമുക്ക് ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ.

സ്വയം തന്റെയും കുടുംബത്തിന്റെയും സുഖം മാത്രം കാംക്ഷിക്കുന്ന എല്ലാം തന്നെ ആസുരിക വാസനയാണ്. എന്നാല്‍ സ്വന്തം സുഖത്തോടൊപ്പം ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും സുഖം കാംക്ഷിക്കുന്നത് ദൈവീക വാസനയും ആകുന്നു.

പുഷ്പാഞ്ജലിക്ക് വേണ്ടി വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. പൂ പറിക്കുന്ന സമയത്ത് ഇഷ്ട ദേവതാ മന്ത്രം ജപിച്ചുകൊണ്ട്‌ പൂക്കളെ സ്വന്തം വാസനകള്‍ ആയും അവയെ നാം ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ വേണ്ടി സ്വരൂപിക്കുകയാണ് എന്നും സങ്കൽപ്പിക്കണം.

കുളിച്ചു വൃത്തിയോടു കൂടിയായിരിക്കണം പൂക്കള്‍ ഇറുക്കുന്നത്. ഇതിനു സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രം പൂക്കള്‍ വാങ്ങാവുന്നതാണ്. അതിനു ശേഷം ക്ഷേത്രത്തില്‍ പോയി ഈ പൂക്കളെ പുഷ്പാഞ്ജലി കഴിക്കുന്നതിനായി സമര്‍പ്പിക്കണം.

പുഷ്പാഞ്ജലി സമയത്ത് നാം നമ്മിലുള്ള എല്ലാ ആസുരിക വാസനകളേയും ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് സങ്കൽപിക്കണം. അതിനു ശേഷം പൂജിച്ച പുഷ്പാഞ്ജലി പ്രസാദം സ്വീകരിക്കണം.

നാം നമ്മുടെ ആസുരിക വാസനകളെ ഭഗവാന് സമര്‍പ്പിച്ചതിന്റെ ഫലമായി ഭഗവാന്‍ അവയെ സ്വീകരിച്ച് പകരം ദൈവീക വാസനകളെ നമുക്ക് നല്‍കിയിരിക്കുന്നു എന്ന് സങ്കൽപിക്കണം. ആ കാരുണ്യത്തിനു ഭഗവാനോട് നന്ദി പറയണം.

ശേഷം പ്രസാദത്തില്‍ ഉള്ള തുളസിയെ ശിരസ്സിലോ ചെവിയിലോ ധരിക്കാവുന്നതാണ്. ചന്ദനം നെറ്റിയിലും കണ്ഠത്തിലും ഇരു കൈകളിലും പുരുഷന്മാര്‍ മാറിലും അണിയാവുന്നതാണ്. ഇതിലൂടെ നമ്മിലെ തിന്മകള്‍ മുഴുവന്‍ ഭഗവാന് മുന്‍പില്‍ ഇല്ലാതായി എന്നും പകരം നന്മയെ ഭഗവദ് പ്രസാദമായി നാം സ്വീകരിച്ചിരിക്കുന്നു എന്നും അറിയണം.

“മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട. വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും” എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്.

മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചു കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ജലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ പറിച്ച് ഭഗവാന് അർച്ചിക്കുക, ഒപ്പം “ഓം നമശ്ശിവായ, ഓം നമോ നാരായണായ, ഓം പരാശക്തിയേ നമ:” മുതലായ മഹാ മന്ത്രങ്ങള്‍ മുടങ്ങാതെ ജപിച്ചു കൊണ്ടിരിക്കുക.

കാലാന്തരത്തില്‍ ചിത്തശുദ്ധി വഴി തീര്‍ച്ചയായും ജ്ഞാനോദയം ഉണ്ടാകുന്നതാണ്.

സനാതന ധര്‍മ്മത്തില്‍ എല്ലാ ചടങ്ങുകള്‍ക്കു പുറകിലും ഒരു തത്വമുണ്ട്. പക്ഷെ അത് അറിയാതെ ചെയ്യുമ്പോള്‍ വെറും അന്ധവിശ്വാസം ആയി അധ:പതിക്കുന്നു. അന്ധവിശ്വാസം കൊണ്ട് വെറുതെ കുറെ സമയവും പണവും നഷ്ടപ്പെടുത്താം എന്നല്ലാതെ ഒരിക്കലും ഒരു പ്രയോജനവും ഉണ്ടാകില്ല.

അതിനാല്‍ ക്ഷേത്രങ്ങളില്‍ പോകുന്ന സമയത്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സങ്കല്‍പ്പിച്ച് മനസ്സില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുക.

ഹരി ഓം

Related Articles

Leave a Comment