മുൻ മന്ത്രി ശ്രീ ആർ ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ നാഫോ കുടുംബം അനുശോചനം രേഖപ്പെടുത്തി. മെയ് മൂന്നാം തിയതി ഇഹലോകവാസം വെടിഞ്ഞ ശ്രീ ആർ ബാലകൃഷ്ണ പിള്ളയുടെ ദീപ്‌ത സ്മരണയ്ക്ക് മുന്നിൽ നാഫോ കുടുംബം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി. മെയ് മൂന്നാനും വൈകിട്ട് ഏഴര മണിക്ക് ഓൺലൈനായി നടത്തിയ അനുശോചന യോഗത്തിൽ നാഫോ വൈസ് പ്രസിഡന്റ് ശ്രീ എ ആർ സുബ്ബരാമൻ അധ്യക്ഷത വഹിച്ചു. നാഫോ ഭരണസമിതി അംഗങ്ങളും, ഉപദേശക സമിതി അംഗങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നാഫോയുടെ വാർഷികാഘോഷ പരിപാടികളിൽ സംബന്ധിച്ചപ്പോഴുള്ള അനുഭവങ്ങളും പങ്കുവെക്കുകയുണ്ടായി.
ആറു പതിറ്റാണ്ടു നീണ്ട ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയജീവിതത്തെക്കുറിച്ചു അംഗങ്ങൾ അനുസ്മരിക്കുകയുണ്ടായി. 1960 ഇൽ അദ്ദേഹത്തിന്റെ 25 ആം വയസ്സിലാണ് ശ്രീ ബാലകൃഷ്ണ പിള്ള പത്തനാപുരത്തു നിന്നും നിയമ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. സി അച്യുത മേനോൻ മന്ത്രി സഭ തൊട്ടു കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി. രാഷ്ട്രീയ ചേരികൾ മാറേണ്ടി വന്ന സാഹചര്യങ്ങളിലും ഒരു തികഞ്ഞ സമുദായ സ്നേഹിയായി നായർ സർവീസ് സൊസൈറ്റിയുടെ (NSS) സജീവ ഡയറക്ടർ ആയി അദ്ദേഹം തുടർന്നു.
ശ്രീ ബാലകൃഷ്ണ പിള്ളയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് യോഗം സമാപിച്ചു.