ഒരു കൊറോണ അനുഭവ കഥ…!!

by Nafo Media Desk

എന്റെ സുഹൃത്ത്, ഒറ്റപ്പാലം സ്വദേശി, ശ്രീ മേനാത്ത് ശിവകുമാർ (ഇപ്പോൾ കാൽ നൂറ്റാണ്ടിനോടടുത്ത പ്രവാസ ജീവിതത്തിന് ശേഷം, തൃശ്ശിവപേരൂരിൽ സ്ഥിരവാസമുറപ്പിച്ചു കുടുംബ സമേതം താമസിച്ചു വരുന്നു.) അദ്ദേഹത്തിന്റെ കോവിഡ് അനുഭവങ്ങൾ ഫേസ് ബുക്കിൽ കുറിച്ചത് വായിച്ചപ്പോൾ .. തീർത്തും കാലികവും, ഏവരും വായിച്ചിരിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതും ആണെന്ന ബോധ്യത്തോടെ, അത്യാവശ്യക്കാർക്കു ഉപകാരപ്രദമാകും എന്ന ഉറച്ച വിശ്വാസത്തോടെ ഇവിടെ പങ്കുവെക്കട്ടെ..!! സസ്നേഹം – വിജയകൃഷ്ണൻ.


ചെറിയ ഒരു മേല് വേദനയോടെയായിരുന്നു തുടക്കം. ഏപ്രിൽ 17-ാം തിയ്യതി രാവിലെ. ഇടക്കങ്ങിനെ പുറം വേദനയൊക്കെ വരാറുള്ളതാണ്. അതിനാൽ തന്നെ അത്ര കാര്യമാക്കിയില്ല. കുറച്ചു ദിവസമായി പുറത്തിറങ്ങിയിട്ട്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ആവില്ലല്ലോ. പുറത്ത് പോയി തിരിച്ചു വന്നപ്പോഴേക്കും നല്ല പനി. സംശയം ബലപ്പെടുത്തുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു പോയി. അതിനാൽ തന്നെ വാമഭാഗത്തോടും കുട്ടികളോടും അടുത്തേക്ക് വരരുത് എന്ന കല്പനയോടെ ഒരു മുറിയിലെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടി. അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ സൗകര്യം കൂടുതൽ ബോദ്ധ്യപ്പെട്ടതപ്പോഴാണ്. ഭക്ഷണം റൂമിലേക്കെത്തും. ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ എനിക്കുള്ളത് പ്രത്യേകം മാറ്റിവച്ചു. സംസാരം മാസ്ക് വച്ചായി. അതും ദൂരെ നിന്ന്.

മാറും മാറും എന്നു കരുതിയ പനി കൂടിയും കുറഞ്ഞും വന്നു. ചിലപ്പോഴത് 103° വരെ പോയി. ടെസ്റ്റ് ചെയ്ത് ഉറപ്പാക്കണമെങ്കിൽ എങ്ങനെ പോകും. ഏകദേശം പോസറ്റീവ് ആണെന്ന് ഉറപ്പുള്ള ഞാൻ ഓട്ടോ വിളിച്ചു പോകുന്നത് ആ ഓട്ടോക്കാരനെ കൂടി കുഴപ്പത്തിലാക്കില്ലേ? അളിയനറിയാവുന്ന ഒരു ഡോക്ടറെ വിളിച്ചു ചോദിച്ചു. കൊറോണ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രം ക്ലിനിക്കിലേക്ക് വന്നാൽ മതിയെന്ന വിവരം കിട്ടി. പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് വിളിച്ചപ്പോൾ ഡോക്ടറെ കാണണമെങ്കിൽ കൊറോണ ടെസ്റ്റ് നടത്തി പോസറ്റീവ് ആണെങ്കിൽ അഡ്മിറ്റ് ആകണമത്രേ!

ഒടുവിൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് വിളിക്കാമെന്ന് കരുതി. അവിടെ പനിയുള്ളവർക്ക് പ്രത്യേക കൗണ്ടർ ഉണ്ട്. രജിസ്ട്രേഷൻ ചെയ്ത ശേഷം ഡോക്ടറെ കാണാം. അപ്പോൾ ഡോക്ടർ ആവശ്യമെങ്കിൽ കൊറോണ ടെസ്റ്റിന് സജസ്റ്റ് ചെയ്യും. ആശ്വാസമായി. കടുത്ത പനിയുമായി രണ്ട് ഗോതമ്പ് ദോശ കുത്തി ചെലുത്തി സ്കൂട്ടർ എടുത്ത് പുറപ്പെട്ടു. ഭാര്യക്ക് ആശങ്ക. ഒറ്റക്ക് പോയാൽ ശരിയാകുമോ? കൂടെ ആര് വരാൻ? അതും കോവിഡ് ഉണ്ടെന്ന് സംശയിക്കുന്ന എന്റെ കൂടെ. മനോധൈര്യം കൈമുതലാക്കി ദൈവത്തെ ഓർത്ത് വണ്ടി വിട്ടു.

കഴിഞ്ഞ 6 ദിവസവും കഴിച്ചു കിട്ടിയത് കലശലായ പനി മേലുവേദന തളർച്ച എന്നിവയോടു കൂടിയായിരുന്നു. ഏകദേശം ഒരു ഹാലൂസിനേഷനിൽ ആണെന്ന് പറയാം. ഒരുതരം പൊങ്ങുതടി കുത്തിയൊലിച്ചു പോകുന്ന മലവെള്ളപ്പാച്ചിലിൽ ഒഴുകി പോകുന്ന പോലെ ഒരു പ്രതീതി. കൺപോളകൾക്കൊക്കെ ഭയങ്കര വേദന. നനഞ്ഞ തുണി പോലെ തളർന്ന് കിടന്ന ദിവസങ്ങൾ. ലോകത്തെ ഏറ്റവും നല്ല നാച്ച്വറൽ മണമെന്ന് ഞാൻ കരുതുന്ന ഫിൽറ്റർ കോഫിയുടെ മണവും കൂടി കിട്ടാതായി. രുചിയും പോയി. കഴിക്കുന്നതിനൊക്കെ ഏതാണ്ടൊരേ രുചിയില്ലായ്മ. നത്തോലി ചെറിയ മീനല്ല എന്നതു പോലെ കോവിഡ് നിസ്സാരനല്ല എന്നു തിരിച്ചറിഞ്ഞ നാളുകൾ.

ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട ഞാൻ സ്കൂട്ടർ പാർക്ക് ചെയ്ത് എല്ലാ ഫോർമാലിറ്റിയും കഴിഞ്ഞ് ഡോക്ടറെ കാത്തിരുന്നു. വല്ലാത്ത തളർച്ച. തല ചുറ്റുന്നത് പോലെ. അവിടെ കിടന്ന ഒരു കസേര വലിച്ചുനീക്കി അതിലിരുന്നു. കണ്ണുകൾക്കുള്ളിലേക്ക് ഇരുട്ട് പടർന്നു. ഒരു പാതി ബോധത്തിൽ നഴ്സിനോട് ചെന്നു പറഞ്ഞു. സിസ്റ്ററേ തലചുറ്റുന്നുണ്ട്. തീരെ വയ്യ. കസേരയിൽ ചെന്നിരിക്കു. ദാ ഇപ്പോ ഡോക്ടർ വരും എന്ന് സിസ്റ്റർ. തിരിച്ചു കസേരയിൽ ചെന്നിരിക്കുന്നതിന് മുൻപേ വീണു.

എതെല്ലാമോ കൈകൾ താങ്ങിയെടുക്കുന്നതും അടുത്തുള്ള ടേബിളിൽ കിടത്തിയതും വെള്ളം തരുന്നതും ഒക്കെ ഒരു അർദ്ധബോധത്തോടെ മനസ്സിലാക്കി. BP യുണ്ടോ അലർജിയുണ്ടോ എന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. ഡ്രിപ്പ്സ് കയറ്റി കൂടെ പനിക്കുള്ള മരുന്നുകളും. ഒരു വിധം ബോധമൊക്കെ തിരിച്ചു വന്നു. കൊറോണ ടെസ്റ്റിനുള്ള ഫോർമാലിറ്റീസ് ഒക്കെ ഡോക്ടറും നഴ്സ്മാരും തന്നെ ശരിയാക്കി. റിസൾട്ട് വന്നു. പോസറ്റീവ്. പ്രതീക്ഷിച്ചത് തന്നെയായതിനാൽ ഞെട്ടിയില്ല. തളർന്ന് വീണതിനാൽ ഹോം ക്വാറൻടൈൻ വേണ്ട. അഡ്മിറ്റ് ചെയ്യുകയാണെന്ന് ഡോക്ടർ. കുടുംബത്തിന്റെ സുരക്ഷയും എന്റെ സ്ഥിതിയും പരിഗണിച്ച് സമ്മതം മൂളി. സമയം ഉച്ചയോടടുക്കുന്നു. വയർ കത്തിക്കാളുന്നുണ്ട്. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കയ്യിലില്ല. തൊട്ടടുത്ത് കാന്റീൻ ഉണ്ട്. പോസറ്റീവ് ആയ ഞാൻ എങ്ങനെ അവിടെ പോകും? ഒരു നഴ്സിനോട് ചോദിച്ചു ഞാൻ പണം തരാം എന്തെങ്കിലും കാന്റീനിൽ നിന്ന് വാങ്ങിച്ചു തരുമോ എന്ന്. PPE കിറ്റ് ധരിച്ച ഞാൻ എങ്ങിനെ പുറത്ത് പോകും എന്നവർ ചോദിച്ചപ്പോളാണ് അവരുടെ നിസ്സഹായാവസ്ഥ ഞാനും മനസ്സിലാക്കുന്നത്. ഏതെങ്കിലും രോഗിയുടെ by stander നോട് പറയു എന്നവർ. അങ്ങിനെ ഒരു കുപ്പി വെള്ളം കിട്ടി. വിശപ്പിനെ കാൽ കുപ്പി വെള്ളത്തിലിട്ട് മുക്കിക്കൊന്നു.

ഏറെ നേരം കാത്തിരുന്നപ്പോൾ കിട്ടിയ മറുപടി തീരെ നിരാശപ്പെടുത്തുന്നതായിരുന്നു. ബെഡ് ഒഴിവില്ല. KILA യിലെ CFLTC യിലേക്ക് വിടാമെന്ന്. ആദ്യമായി കേൾക്കുകയാണ് CFLTC എന്ന്. എന്താണ് സംഭവമെന്ന് ചോദിക്കുമ്പോഴാണറിയുന്നത് Covid Frontline Treatment Centre എന്നാണ് അതിന്റെ full form എന്ന്. അത്ര സീരിയസ്സല്ലാത്ത രോഗികളെ അവിടേക്കാണ് വിടുകയത്രേ. അത് കേട്ടപ്പോൾ സമാധാനമായി. ഞാനത്ര സീരിയസ്സ് അല്ലല്ലോ. പക്ഷേ തളർച്ച കൊണ്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. ആംബുലൻസ് വന്നപ്പോൾ കൂടെ ഒരാൾ കൂടിയുണ്ട് അവിടേക്ക്. നേരെ കിലയിലേക്ക്.

രണ്ടു മൂന്നു മണിയായിക്കാണും. വല്ലാത്ത തളർച്ച. എന്തെങ്കിലും കഴിക്കാൻ കിട്ടിയില്ലെങ്കിൽ വീണുപോകുമെന്ന അവസ്ഥ. എന്തെങ്കിലും വാങ്ങിക്കഴിക്കാം എന്നു വച്ചാൽ പുറത്തിറങ്ങാൻ അനുവദിക്കില്ല. ചെന്ന ഉടനെ അന്വേഷിച്ചത് എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്നാണ്. ഉച്ചക്കുള്ള ചോറെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഒന്നും ബാക്കി കാണാൻ വഴിയില്ല. നോക്കട്ടെ എന്നു മറുപടി. ദയനീയ അവസ്ഥ കണ്ടിട്ടായിരിക്കണം നഴ്സ് ചെന്ന് നോക്കുമ്പോൾ കറക്റ്റ് രണ്ടു പൊതിച്ചോറ് ബാക്കിയുണ്ട്. അഡ്മിഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു. എങ്ങിനെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നായി. വിറ്റാമിൻ ഗുളിക കിട്ടി. കൂട്ടത്തിൽ പനിയുണ്ടെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ കൈവശം ഗുളിക ഉണ്ടോ എന്നായി. ഇല്ലെന്ന് പറഞ്ഞപ്പോൾ ഒരു പാരസെറ്റമോൾ ഗുളികയും കിട്ടി.

കിട്ടിയ പൊതിച്ചോറ് കഴിക്കാൻ നോക്കിയപ്പോൾ തീരെ സ്വാദില്ല. കുറച്ചൊക്കെ ചവച്ചിറക്കി. ഗുളികയും കഴിച്ചു കിടന്നു. ഒരു റൂമിൽ മൂന്ന് പേർ. സൗകര്യമെല്ലാമുണ്ട്. ആശ്വാസം. അത് പക്ഷേ താൽക്കാലികം ആയിരുന്നു.

ഭാര്യയോട് അത്യാവശ്യം വേണ്ട സാധനങ്ങൾ ബ്രഷ്, പേയ്സ്റ്റ്, തോർത്ത് മുണ്ട്, വായിക്കാൻ എന്തെങ്കിലും ബുക്ക് എന്നിത്യാധി കൊണ്ടുവരാൻ പറഞ്ഞു. കൂട്ടത്തിൽ Azithral ആന്റിബയോട്ടിക് ഗുളികകളും. വൈകുന്നേരം ഡോക്ടർ വന്നു. പനി തീരെ കുറവില്ല. വീണ്ടും പാരസെറ്റമോൾ ഗുളിക കിട്ടി. അതും കൂട്ടത്തിൽ ഞാൻ സ്വയം ഡോക്ടറായി വാങ്ങിച്ച ആന്റിബയോട്ടിക് ഗുളികയും കഴിച്ചു.

പിറ്റെ ദിവസം ബ്ലഡ് ടെസ്റ്റ് ചെയ്തു. അതിന്റെ റിസൾട്ട് ഇന്നേ വരെ കിട്ടിയിട്ടില്ല.

ഭക്ഷണം ഒഴികെ വലിയ കുഴപ്പമില്ലാതെ നീങ്ങുമ്പോഴാണ് 24 ആം തിയ്യതി വൈകുന്നേരം അറിയിപ്പ് വന്നത്.ഈ facility സ്ത്രീകൾക്കു മാത്രമാക്കി മാറ്റിയിരിക്കുന്നുവെന്നും പുരുഷന്മാരെ നാട്ടിക CFLTC യിലേക്ക് മാറ്റുന്നുവെന്നും. വീണ്ടുമൊരു നിലവിളി ശബ്ദത്തോടെയുള്ള വാഹനത്തിൽ യാത്ര. രാത്രി ഏകദേശം 8 മണിയോടു കൂടി അവിടെയെത്തി. അഡ്മിഷൻ ഫോർമാലിറ്റീസ് കടന്ന് ഉള്ളിൽ ചെന്നപ്പോഴാണ് ഞാനറിയുന്നത് ചെന്ന് പെട്ടിരിക്കുന്നത് കോവിഡ് രോഗികളുടെ ഒരു ഇന്ത്യൻ മഹാസമുദ്രത്തിലേക്കാണെന്ന്. കോട്ടൺ മിൽസ് ഫാക്ടറിയായിരുന്ന ആ കെട്ടിടം വ്യവസായ പ്രമുഖനായ ശ്രീ യൂസഫ് അലി ഗവൺമെന്റിന് കോവിഡ് ട്രീറ്റ്മെന്റ് സെന്റർ ആക്കാൻ വിട്ടു നൽകിയിരിക്കുകയാണ്. നോക്കെത്താ ദൂരത്തോളം നിരത്തിയിട്ടിരിക്കുന്ന കിടക്കകൾ അതിലെല്ലാം രോഗികൾ ഞാൻ ചെല്ലുമ്പോൾ ഏകദേശം ആയിരത്തിനോടടുത്ത് രോഗികൾ. ഏകദേശം 1400 പേരെ ഉൾക്കൊള്ളാൻ സാധിക്കുമത്രേ. അതിനിടയിൽ കൂടി നടന്ന് ചെന്ന് എനിക്ക് അലോട്ട് ചെയ്ത കിടക്ക കണ്ടു പിടിച്ചു. ഇനി ഒന്നിനും വയ്യ. കിടക്കാമെന്ന് വച്ചപ്പോൾ അടുത്ത കിടക്കയിലെ സഹ ശയനൻ ഉപദേശിച്ചു. ഭക്ഷണം കഴിച്ച് കിടക്കാൻ . തളർച്ച ബാധിക്കാതിരിക്കാൻ മാക്സിമം ഭക്ഷണം കഴിക്കണമത്രേ. എങ്കിൽ പിന്നെ അങ്ങിനെയാവാം. പുട്ടും കടലക്കറിയും. വറൈറ്റി ആണല്ലോ. എടുത്ത് കഴിച്ചപ്പോൾ മനസ്സിലായി കേടുവന്നിരിക്കുന്നു. തിരിച്ചു ചെന്ന് വേറെ എന്തെങ്കിലും കിട്ടുമോ എന്നു ചോദിച്ചു. ചപ്പാത്തി കറിയും കിട്ടി. സന്തോഷായി. കറിയും കൂട്ടി വായിൽ വച്ചപ്പോൾ വല്ലാത്ത ഉപ്പ്. അതും വേണ്ടെന്ന് വച്ചു. വിശപ്പില്ലെന്ന് സഹശയനനോട് നുണ കാച്ചി കിടന്നു. ഇനിയൊരു 8 ദിവസം ഇവിടെയാണല്ലോ കഴിയേണ്ടതെന്നോർത്തപ്പോൾ ഒരു വിമ്മിഷ്ടം. നോക്കാം. തീരെ നിവൃത്തിയില്ലെങ്കിൽ വല്ല പ്രൈവറ്റ് ഹോസ്പിറ്റലിലേക്കും മാറാം.

രാവിലെ 5.30ന് അറിയിപ്പ് കിട്ടി. വൈറ്റൽസ് ചെക്ക് ചെയ്യാൻ എല്ലാവരും വരിക. വയ്യെങ്കിലും എഴുന്നേറ്റു. നോക്കുമ്പോൾ നീണ്ട നിര. ക്യൂവിൽ നിന്നു. ജീവൻ അപകട ഘട്ടത്തിലേക്ക് നീങ്ങുന്നില്ല എന്നുറപ്പ് വരുത്തി. പക്ഷേ ഏറെ വിഷമകരമായ സംഗതി ഒന്നു മൂത്രമൊഴിക്കാനോ ടോയ്‌ലറ്റിൽ പോകാനോ കൈ കഴുകാനോ ഏറെ ദൂരം നടക്കേണ്ടി വരുന്നു എന്നതാണ്. ശാരീരികമായി തളർന്ന ഒരാൾക്ക് 2 മിനിട്ട് നടത്തം പോലും 20 മിനിട്ടിന്റെ നടത്തമായി തോന്നും. അതു കൂടാതെ മരുന്ന് വാങ്ങിക്കാൻ, ഡോക്ടറെ കാണാൻ, ഭക്ഷണവും ചായയും വാങ്ങാൻ എല്ലാറ്റിനും ക്യൂ. കിലയിൽ നിന്നും എന്റെ കൂടെ വന്ന പ്രകാശിന് തീരെ വയ്യായിരുന്നു. എനിക്ക് പറ്റാവുന്ന സഹായങ്ങളൊക്കെ ഞാൻ ചെയ്തു കൊടുത്തു. വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറിക്കൂടെ എന്നു ചോദിച്ചു. അപ്ലൈ ചെയ്തിട്ടുണ്ട്. രണ്ട് ദിവസം എടുക്കുമത്രേ അപ്രൂവൽ കിട്ടാൻ.

എന്റെ കൂടെ കിലയിൽ ഉണ്ടായിരുന്നവർ ഇവിടേക്ക് മാറിയിരുന്നു. അതിൽ ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിക്കുന്നില്ല. അവരായിരുന്നു വളണ്ടിയർമാരായി ഭക്ഷണം ചായ എന്നിവ വിതരണം ചെയ്യാനായി ഓടി നടന്നിരുന്നത്. സേവന സന്നദ്ധതയോടു കൂടി.

ഭക്ഷണം കൊടുത്തിരുന്നത് കിലയിൽ കിട്ടിയിൽ ന്നതിനേക്കാൾ നല്ല ഭക്ഷണം ആയിരുന്നു. പക്ഷേ അതിന്റെ ക്വാണ്ടിറ്റി എനിക്ക് കഴിക്കാവുന്നതിന്റെ മൂന്നിരട്ടിയെങ്കിലും കാണും. പക്ഷേ മറ്റുള്ളവർ പലരും അതെല്ലാം കഴിക്കുന്നത് സന്തോഷത്തോടു കൂടി കണ്ടു. എത്ര ശ്രമിച്ചാലും അത്രയും ഭക്ഷണം എന്നെ കൊണ്ട് കഴിക്കാൻ പറ്റിയിരുന്നില്ല. വളരെ വിഷമത്തോടെയാണ് ബാക്കി വരുന്ന ഭക്ഷണം കളഞ്ഞിരുന്നത്.

നാട്ടികയിലേക്ക് മാറി രണ്ട് ദിവസത്തിനകം പനിയൊക്കെ മാറി പക്ഷേ വില്ലനായി വന്നത് ചുമയായിരുന്നു. കുത്തിക്കുത്തി നിർത്താതെ വരുന്ന ചുമ. ചുമച്ചു കഫം തുപ്പിക്കളയാൻ ഏറെ ദൂരം നടക്കണം. നടന്ന് നടന്ന് തളർന്നപ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ രുചിക്ക് വേണ്ടി കൊടുത്തയച്ചിരുന്ന നാരങ്ങ അച്ചാർ കൊട്ടിക്കളഞ്ഞു അതിനെ കോളാമ്പിയാക്കി. ആലോചിച്ചാൽ വൃത്തികേടാണെന്ന് തോന്നുമെങ്കിലും അത്യാവശ്യക്കാരന് ഔചിത്യം ലേശം കുറവായിരിക്കും.

ചുമക്ക് മരുന്നായി ആകെ കിട്ടിയിരുന്നത് വെള്ളമൊഴിച്ച് ഡൈല്യൂട്ട് ചെയ്ത expectorant ആയിരുന്നു. ഇടക്ക് വച്ച് ഓക്സിജൻ ലെവൽ താഴ്ന്ന് 90 ൽ എത്തി. ഓക്സിജൻ തന്ന് ആ ലെവൽ 98 ൽ എത്തി. ഓക്സിജൻ ലെവൽ താഴ്ന്ന് വരുമ്പോഴാണ് പലരും ക്രിട്ടിക്കൽ സ്റ്റേജിലേക്ക് പോകുന്നത്. അത്തരം ഒരു രോഗിയെ സ്ട്രക്ച്ചറിൽ കിടത്തി മെഡിക്കൽ കോളേജിലേക്ക് അയച്ചു. അദ്ദേഹത്തിന് എന്നു സംഭവിച്ചു എന്നറിയാൻ കഴിഞ്ഞില്ല. മരണപ്പെട്ടു എന്നു ചിലർ പറഞ്ഞു. അത്തരം പല കേസുകളും നേരിൽ കണ്ടപ്പോൾ ചെറിയൊരു ഭീതി മനസ്സിൽ കയറിക്കൂടി. പിന്നെയതിനെ മനോബലം കൊണ്ട് ആട്ടിപ്പുറത്താക്കി.

അതിനിടക്ക് ഭാര്യക്കും മക്കൾക്കും തൊണ്ടവേദന ചെറിയ പനി എന്നിത്യാദി ലക്ഷണങ്ങൾ. ടെസ്റ്റ് ചെയ്തപ്പോൾ 3 പേർക്കും പോസറ്റീവ്. പക്ഷേ കൊറോണ ദയാലുവായിരുന്നു. അവരെ തീരെ ബുദ്ധിമുട്ടിച്ചില്ല. തളർച്ചയൊഴികെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല.

കോവിഡ് പോസറ്റീവ് ആയിക്കഴിഞ്ഞ് 10 ദിവസം കഴിഞ്ഞാണ് അടുത്ത ടെസ്റ്റ്. 30-ാം തിയ്യതി ടെസ്റ്റ് നടത്തി. രണ്ടും മൂന്നും ടെസ്റ്റ് കഴിഞ്ഞും പോസറ്റീവായി തുടരുന്നവർ എന്റെ മനസ്സിന്റെ സ്വൈര്യം കെടുത്തി. വൈകുന്നേരത്തോടെ റിസൾട്ട് വന്ന്. നെഗറ്റീവ്. നെഗറ്റീവുകൾ പോസറ്റീവ് സൈനുകൾ ആകുന്ന വിചിത്ര കാലം. പിന്നെയും 7 ദിവസം ക്വാറന്റയിൻ നിർദ്ദേശിച്ചുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടി. അപ്പോഴും ചുമയെന്ന വില്ലൻ വിടാതെ പിൻതുടരുന്നുണ്ട്. 7 ദിവസം ഏകാന്ത വാസം. അതിനിടയിൽ തോമസ് ജേക്കബ് സാറിന്റെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥ വായിച്ചു തീർത്തിരുന്നു.

7 ദിവസം കഴിഞ്ഞും ചുമ മാറുന്നില്ല. ഇടക്ക് വച്ച് ആയുർവേദം പരീക്ഷിച്ചു. 8-ാം ദിവസം ഒരു പൾമനോളജിസ്റ്റിനെ കണ്ടു. ചെസ്റ്റിന്റെ X-ray എടുത്തു. വളരെ കുറച്ച് പ്രശ്നങ്ങൾ. മരുന്ന് എഴുതി തന്നു. ഇപ്പോഴത് കഴിച്ചു കൊണ്ടിരിക്കുന്നു.

ഇതിനിടക്ക് പ്രകാശ് വിളിച്ചിരുന്നു. നെഗറ്റീവ് ആയി. എന്നെ പോലെ തന്നെ 7 ദിവസത്തെ ക്വാറന്റയിനിൽ ആണ്. ചുമതന്നെയാണ് വില്ലൻ. പുള്ളിക്ക് എഴുതി കൊടുത്ത കഫ് സിറപ്പും ഞാനൊന്ന് വാങ്ങി. അതും കഴിക്കാൻ തുടങ്ങി. അതിനിടക്ക് അറിയാൻ വേണ്ടി ചോദിച്ചു പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്രയായി ബില്ലെന്ന്. 6 ദിവസത്തെ ട്രീറ്റ്മെൻറിന് 70,000 രൂപ !! ഞെട്ടണ്ട നാലു പൂജ്യം തികച്ചും ഉണ്ട്.

പോകെ പോകെ ചുമ കുറഞ്ഞു വന്നു. ശബ്ദമൊക്കെ ക്ലിയർ ആയി. കൊറോണയുടെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്ന് മുക്തി നേടി എന്ന വിശ്വാസത്തിലാണിത് ഇപ്പോൾ കുറിക്കുന്നത്.

അനുഭവമാണ്. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചു വന്ന് കുളിക്കാറുണ്ടായിരുന്നു. ദിവസത്തിൽ 2 ഉം 3ഉം ഡ്രസ്സുകൾ കഴുകിയിടും. മാസ്കിടാറുണ്ടായിരുന്നു. കഴിയുന്നതും സാമൂഹിക അകലം പാലിച്ചിരുന്നു. എന്നിട്ടും എത്ര അകറ്റി നിർത്തിയിട്ടും എന്നോടുള്ള സ്നേഹം കാരണമാകാം ആ ചൈനക്കാരി കൊറോണ എന്നിൽ പടർന്നു കയറിയത്.

പലരെയും അവൾ ഒന്നു തൊട്ടു തലോടി പോകുമ്പോൾ നമ്മൾ കരുതും ഇതൊക്കെയെന്ത്? ഒരു ചെറിയ ചുമ അല്ലെങ്കിൽ പനി അതുമല്ലെങ്കിൽ ജലദോഷം ഇത്രേയുള്ളു. പക്ഷേ ഓരോരുത്തരോടും ഇവൾ ഓരോ തരത്തിലാണ് പെരുമാറുന്നത്. ചിലരെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കും. ചിലരെ കൂടെ കൊണ്ടു പോകും. മനോധൈര്യം കൈവിടാതിരിക്കുക. തക്ക സമയത്തുള്ള ചികിത്സ കിട്ടിയില്ലെങ്കിൽ കാര്യം അവതാളത്തിലാകും.

ഏതു ഗവൺമെന്റിന് ആയാലും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. അതിനാൽ അവനവന്റ കാര്യം അവനവൻ തന്നെ നോക്കണം. കഴിയുന്നതും പുറത്തിറങ്ങാതെ ഇരിക്കുക. കല്യാണവും

കളവാണവും പിന്നെയും കൂടാം ജീവിച്ചിരുന്നാൽ. സർക്കാരുകൾ പറയുന്നത് ശ്രദ്ധിക്കുക.

തങ്ങളുടെ പരിമിതിയിലും വിശ്രമമില്ലാതെ പണിയെടുക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകർക്കും വളണ്ടിയേഴ്സിനും അകമഴിഞ്ഞ നന്ദി.

ധൈര്യം പകർന്ന് കൂടെ നിന്ന ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കും മിത്രങ്ങൾക്കും അയൽക്കാർക്കും സഹശയനമാർക്കും ഹൃദയം തൊട്ടൊരു സ്നേഹാർച്ചന.

ഓരോ പ്രതിസന്ധിയും അതിജീവിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. 20 ദിവസം തന്ന അനുഭവങ്ങൾ മുഴുവൻ പകർത്തിയിട്ടില്ല. ചിലതവിടെ കിടന്നോട്ടെ. അതാണ് നല്ലത്.

പ്രതിസന്ധികളും വിഷമതകളും അനുഭവവേദ്യമാകുമ്പോൾ നമ്മൾ ചിലപ്പോൾ തത്വജ്ഞാനികളാകും. പക്ഷേ ജീവിതം എന്നത് ദൈവം തന്ന ഒരു അവസരമാണ്. തളരാതിരിക്കുക. പ്രതീക്ഷകളും സ്വപ്നങ്ങളുമായി നമുക്ക് മുന്നോട്ടു നീങ്ങാം.

മേനാത്ത് ശിവകുമാർ

Related Articles

Leave a Comment