വെളുക്കും മുമ്പ് അരിവയ്ക്കണം. അരിവയ്ക്കും മുമ്പേ കറി വയ്ക്കണം.

by Nafo Media Desk

വെളുക്കും മുമ്പ് അരിവയ്ക്കണം. അരിവയ്ക്കും മുമ്പേ കറി വയ്ക്കണം. ഒരിക്കൽ ഒരു സന്യാസി ഒരു ഗൃഹസ്ഥന് കൊടുത്ത ഉപദേശമാണിത്.

വീട്ടിൽ പോയി ഭാര്യയോട് ഇതു പറഞ്ഞു. അവർ സന്യാസി പറഞ്ഞ കാര്യങ്ങൾ വാച്യാർത്ഥത്തിൽ കേട്ട് അനുസരിച്ചു. അതിനാൽ വളരെ വിഷമിച്ചു. കുറേ നാൾ കഴിഞ്ഞ് ആ വീട്ടിലെത്തിയ സന്യാസിയോട് ആ വീട്ടമ്മ തൻ്റെ പ്രയാസം പറഞ്ഞു. ഇതു കേട്ട സന്യാസി പൊട്ടിച്ചിരിച്ചു. അരി വെളുക്കും മുമ്പ് (തവിടു കളയാതെ) പാകം ചെയ്യണമെന്നാണ് താൻ പറഞ്ഞതെന്ന് സന്യാസി വിശദീകരിച്ചു.

തവിടുകളഞ്ഞ വെളുത്ത ചോറ് രോഗം തരുന്നതാണെന്ന പരമാർത്ഥം തിരിച്ചറിയാതെ വെളുക്കുന്നതിന് മുമ്പ് അരിവച്ച അമ്മ വായ് പൊളിച്ചു പോയി.

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെളുത്ത അരി രോഗകാരണമാണെന്ന് നമ്മൾക്കറിഞ്ഞുകൂടാ.
തവിടിനുള്ളിൽ അടങ്ങിയ നാരുകളും (ഫൈബർ) അപൂർവ്വ വിറ്റാമിനുകളും നഷ്ടമായത് നാം അറിയുന്നില്ല.
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന സാമാന്യ വിവരം നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്നു.

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹ രോഹികളുള്ളത് ചൈനയിലാണ്. വെളുപ്പിച്ച അരിയാണ് ചൈനക്കാരുടെ ഭക്ഷണമെന്നതാണ് ഇതിൻ്റെ രഹസ്യം.

അമേരിക്കയിലെ ഹാർവാഡ് സ്ക്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് അവരുടെ പഠനത്തിൽ തവിടുള്ള അരിയുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. (Dr. Qisan – ഡോ. ക്വിസൻ ആണ് 18 വർഷം പഠനം നടത്തി ഇത് തെളിയിച്ചത്.) രണ്ടു കപ്പ് പൂർണ്ണ ധാന്യം കഴിക്കുമ്പോൾ പ്രമേഹ സാദ്ധ്യത 21% കുറയുന്നുവെന്നാണ് വിദഗ്ദ്ധമതം.
നിർഭാഗ്യവശാൽ തവിടില്ലാത്ത നെൽവിത്തിനങ്ങൾ നാം പ്രചരിപ്പിക്കുകയും അവശേഷിക്കുന്ന തവിടും മാറ്റി തവിടെണ്ണയുണ്ടാക്കി വിറ്റ് ആരോഗ്യം തകർക്കുകയും ചെയ്യുന്നു. (തവിടെണ്ണ എന്നത് മറ്റൊരു കോമഡിയാണ്. അതിനെപ്പറ്റി പിന്നെ എഴുതാം.)

വീട്ടമ്മ സന്യാസിയുടെ രണ്ടാമത്തെ ഉപദേശത്തിൻ്റെ പൊരുൾതേടി പച്ചക്കറികൾ അരിവയ്ക്കും മുമ്പേ (മൂത്തു പോകും മുമ്പേ – ഇളംപ്രായത്തിൽ) കറി വയ്ക്കണമെന്നായിരുന്നു ആ ഉപദേശമെന്നറിഞ്ഞ വീട്ടമ്മ അന്തിച്ചു പോയി.
അങ്ങനെയായാൽ അതിൻ്റെ അറ്റവും, വാലും, ഗുണമേറിയ അകക്കാമ്പും ഭക്ഷണമാകുക വഴി കൂടുതൽ പോഷണം ലഭിക്കുമെന്ന സാമാന്യ വിവരം നമുക്കുണ്ടാകണം. പുറംതൊലി കളഞ്ഞ ഉരുളക്കിഴങ്ങും, ചുവന്ന തൊലി നീക്കം ചെയ്ത ചക്കക്കുരുവുമാണ് ഗ്യാസ് (വായുക്ഷാേഭം) ഉണ്ടാക്കുന്നതെന്നും നമ്മളെന്നാണ് പഠിക്കുക.

ഹരിത വിപ്ലവം വന്നതോടെ അമൂല്യമായ ഔഷധ സിദ്ധിയുള്ള നെല്ലിനങ്ങൾ മാത്രമല്ല, ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ഇന്നാട്ടിൽ പൂർവ്വികർ രൂപപ്പെടുത്തിയെടുത്തിയെടുത്ത മറ്റനേകം നെൽവിത്തുകളും പേരുപോലും കിട്ടാത്ത വിധത്തിൽ അപ്രത്യക്ഷമാക്കപ്പെട്ടു. ഉപ്പുവെള്ളത്തിലും, അമ്ലതയേറിയ മണ്ണിലും വളരാൻ പറ്റിയതും, വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പറ്റിയവയും, പൊക്കാളിയിലും, മുണ്ടകനിലും, പാണ്ടിയിലും പലയിനങ്ങളുണ്ടായിരുന്നു. നമ്മുടെ വയലേലകൾ നാട്ടുനെല്ലിനങ്ങളാലും വീട്ടിലെ അരിക്കലങ്ങൾ തവാട്ടരിച്ചോറിനാലും നിറയ്ക്കാൻ നമുക്കാവുമെങ്കിൽ രോഗങ്ങളുടെയും വിഷമരുന്നുകളുടെയും കഴുത്തറുപ്പൻ ചികിത്സാ വ്യാപാരത്തിൻ്റെയും മരണക്കെണിയിൽ നിന്ന് മലയാളിക്ക് രക്ഷപ്പെടാൻ കഴിയും.

ചുവന്നതവിടുള്ള അരി പ്രമേഹം മാത്രമല്ല ചീത്ത കൊളസ്ട്രോളും, ഹൃദ്രോഗവും പൊണ്ണത്തടിയും, ഉദരരോഗങ്ങളും പരിഹരിക്കും.
നല്ല ചോറുണ്ണാം! നല്ല കറി കൂട്ടാം!
വെളുക്കും മുമ്പ് അരിവയ്ക്കണം. അരിവയ്ക്കും മുമ്പേ കറി വയ്ക്കണം.

Source: A post by ✍️ മനു കൃഷ്ണ

Related Articles

Leave a Comment