വേതാളത്തിന്റെ ജനനം

by Nafo Media Desk

പണ്ട് വേതാളം ഒരു ബ്രാഹ്മണൻ ആയിരുന്നു . ഒരു ശിവ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു അയാള് . ദരിദ്രനായിരുന്ന ആ ബ്രഹ്മണന്റെ പേര് സോമദത്തൻ എന്നായിരുന്നു …

എല്ലാ ദിവസവും അത്താഴപൂജകഴിഞ്ഞ് നടയടക്കുമ്പോൾ ദേവനുനേദിച്ച പടച്ചോറ് ശാന്തിക്കാരൻ കഴകം നോക്കുന്ന സോമദത്തനു നല്കുമായിരുന്നു . അതുകൊണ്ടുപോയി കൊടുത്തിട്ട് വേണം ഭാര്യക്ക് ആഹാരം കഴിക്കാൻ .
എല്ലാ ദിവസവും സോമദത്തന്റെ ഭാര്യആ പടച്ചോറിനായി കാത്തിരിക്കുമായിരുന്നു .

ഒരു ദിവസം അത്താഴപൂജകഴിയാൻ കാത്തുനില്ക്കുകയായിരുന്ന കഴകക്കാരൻ ഉറക്കം വന്നപ്പോൾ അമ്പലത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ കിടന്നുറങ്ങിപോയി …

ഉണർന്നപ്പോഴോ ക്ഷേത്രനടയടച്ചു പൂജാരി പോയ്ക്കഴിഞ്ഞിരുന്നു . നേരം അസമയമായിരിക്കുന്നു . പ്രധാന ഗോപുരനടയും അടച്ചുകഴിഞ്ഞു . ക്ഷേത്രത്തിനുള്ളിൽ തനിക്കുള്ള പടപായസം ഉണ്ടാവും എന്ന് കഴകക്കാരനറിയാം. വിശന്നിട്ടു വയ്യ , വീട്ടിലാണെങ്കിൽ ഭാര്യയും വിശന്നു തളർന്നു കിടക്കുകയാകും . അതുകൊണ്ട് തന്നെ പായസം എടുക്കുക തന്നെ .. പലവിധ വികാരങ്ങൾ കൊണ്ട് നിറഞ്ഞ മനസ്സുമായി കഴകക്കാരൻ ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു .

പെട്ടെന്ന് അയാൾ ആ കാഴ്ചകണ്ടു. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ ശിവനും പാർവ്വതിയും തമ്മിൽ സല്ലപിച്ചിരിക്കുന്നു . ബ്രാഹ്മണൻ ഉടൻ തന്നെ തൂണിനു പുറകിലോളിച്ചു . ശിവനും പാർവ്വതിയും തമ്മിൽ പലപല പ്രശ്നങ്ങൾ ചർച്ച ചെയ്തു. ശിവൻ പാർവ്വതിക്ക് മുപ്പതു കഥകളും അവയുടെ സാരവും പറഞ്ഞുകൊടുത്തു . ദേവന്മാരുടെ ഈ ഭാഷണമെല്ലാം കഴകക്കാരന് മനപാഠമായി. ദേവന്മാരുടെ സമയം കഴിഞ്ഞപ്പോൾ അവർ അപ്രത്യക്ഷരായി .

അന്ന് പതിവിലും താമസിച്ചുവന്ന ഭർത്താവിനോട് ഭാര്യ പരിഭവിച്ചു . ആദ്യമൊന്നും ആ രഹസ്യം പറയാൻ അയാൾ തയ്യാറായില്ല. എങ്കിലും ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി , ഒടുവിൽ പറയേണ്ടി വന്നു .. താൻ ദേവന്മാരെ ദർശിച്ച വിവരവും അവരുടെ സംഭാഷണങ്ങളും എല്ലാം ധരിപ്പിച്ചു ,, ഈ വിവരം മറ്റാരോടും പറയരുതെന്നും വിലക്കി ..

കഴകക്കാരനാകട്ടെ ഏതോ ആത്മനിർവൃതിയിൽ ലയിച്ചങ്ങനെയിരുന്നു . അസാധാരണമായി ഭർത്താവില് കണ്ട മാറ്റം ഭാര്യയെ സംശയാലുവാക്കി . അവര് കാര്യമെന്താണെന്നു പറയാൻ ഭർത്താവിനെ നിർബന്ധിച്ചു .

നേരം പുലർന്നു , പിറ്റേന്ന് വെള്ളം കോരാൻ കിണറ്റിൻ കരയിലെത്തിയ കഴകക്കാരന്റെ ഭാര്യ അവിടെ വെള്ളം കോരാൻ വന്ന സ്ത്രികളോടെല്ലാം ഈ വിവരങ്ങൾ പറഞ്ഞു ,
അങ്ങനെ ദേവരഹസ്യങ്ങൾ ഭൂമിയിലെ അങ്ങാടിപാട്ടായി ..

ഒരു ദിവസം നാരദൻ ഭൂമിയിൽ ചുറ്റിസഞ്ചാരിക്കുന്നതിനിടയിൽ ജനങ്ങൾ സ്വർഗ്ഗരഹസ്യങ്ങൾ സംസാരിക്കുന്നത് കേട്ടു . അസ്വസ്ഥതയോടെ അവിടാകെ ചുറ്റിക്കറങ്ങിയപ്പോൾ മനസിലായി.. കഴകക്കാരന്റെയും ഭാര്യയുടെയും അടുത്തുനിന്നാണ് അതിന്റെ ഉറവിടം എന്ന് മനസിലാക്കിയ , നാരദൻ ഉടൻ തന്നെ കൈലാസത്തിലെത്തി ശിവഭഗവാനോട് കാര്യങ്ങൾ വിശദീകരിച്ചു …

ശിവഭഗവാനു കോപം വന്നു , ഭഗവാൻ കഴകക്കാരന് മുന്നിൽ പ്രത്യക്ഷപെട്ടു . കാര്യങ്ങൾ മറഞ്ഞു നിന്നു കാണുകയും കേൾക്കുകയും ചെയ്യ്ത നീ ഒരു വേതാളമായി മാറട്ടെ എന്ന് ശിവ ഭഗവാൻ ശപിച്ചു . അറിഞ്ഞ കാര്യങ്ങൾ ” നാവാടി ” എല്ലാവരെയും അറിയിച്ച കഴകക്കാരന്റെ ഭാര്യയടക്കമുള്ള സ്ത്രികൾക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവില്ലാതാകട്ടെ എന്നും ശപിച്ചു …

കഴകക്കാരനു ദുഃഖംസഹിച്ചില്ല . ഉടലില്ലാത്ത ശാപജന്മമായ വേതാളമായി കഴിയേണ്ടി വരുന്നതോർത്ത്‌ അയാൾ ഭഗവാന്റെ കാലിൽ വീണു കരഞ്ഞു . തന്റെ തെറ്റു പൊറുത്തു ശാപമോഷം തരണമെന്ന് കേണു …

ഭക്തവത്സലനായ ഭഗവാന് കഴകക്കാരനോട് ക്ഷമിക്കാൻ തയ്യാറായി . പന്തീരാണ്ടു കൊല്ലം മുരുക്കുമരത്തിൽ തലകീഴായി കിടക്കണമെന്നും , അപ്പോൾ വിക്രമാദിത്യനെന്ന പ്രതാപശാലിയായ രാജാവെത്തി വേതാളത്തെ രക്ഷിക്കുമെന്നും , അദ്ദേഹത്തോട് പണ്ട് കേട്ട മുപ്പതുകഥകളും ചോദിക്കണമെന്നും അതിൽ ഒരെണ്ണമൊഴികെ മറ്റെല്ലാത്തിനും ഉത്തരം തരുമെന്നും അപ്പോൾ വേതാളത്തിന്റെ ജന്മം ശാപമുക്തമാകുമെന്നും അരുൾ ചെയ്യ്ത ശേഷം ഭഗവാൻ മറഞ്ഞു …

കഴകക്കാരൻ വേതാളമായി മാറി. മുരിക്കിൻ മരത്തിൽ തലകീഴായി കിടന്നു വിക്രമാദിത്യ മഹാരാജാവിന്റെ വരവിനായി കാത്തിരുന്നു.

Related Articles

Leave a Comment