തിരിച്ചുപോക്ക്..!!

by Nafo Media Desk

ടീവിയിൽ ചാനൽ മാറ്റി കൊണ്ടിരിക്കുമ്പോഴാണ് മൂത്തമകൾ നൈനിക എന്റെ അടുത്ത് വന്നിരുന്നു എന്നോട് ചോദിക്കുന്നത്

“മമ്മി.. മമ്മിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ഉള്ളത് എന്താ??”

“ഏഹ്??”

“മമ്മിക്ക് ഈ ലോകത്തിൽ എന്താ ഏറ്റവും ഇഷ്ടം ഉള്ളത് എന്ന്??”

“അങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്താ നൈനു പറയുന്നത്..”

“നിന്നെ ഇഷ്ടമാ.. നീലിനെ ഇഷ്ടമാ.
നിങ്ങളുടെ പപ്പയെ ഇഷ്ടമാ.. അപ്പൂപ്പനെയും അമ്മൂമ്മയെയും ഇഷ്ടമാ..”

“ആഹ്.. സെക്യൂരിറ്റിയേ ഇഷ്ടമാ.. ദീദിയേ ഇഷ്ടമാ.. ഒന്ന് പോയേ മമ്മി.. ഞാൻ ചോദിച്ചത് അതല്ല മമ്മി എന്താണ് ഏറ്റവും മിസ്സ് ചെയ്യുന്നത്?? മമ്മിക്ക് ഒരു ദിവസം സമയം തരാം.. മമ്മി എന്നോട് പറയണം മമ്മി എന്താ ഏറ്റവും മിസ്സ് ചെയ്യുന്നത് എന്ന്.. നമ്മൾ ഒരുപാട് സ്നേഹിക്കുന്ന എന്തെങ്കിലും ഓക്കെ മിസ്സ് ചെയ്യുമല്ലോ”

“പോ കൊച്ചേ.. പോയി അവനെ വിളിച്ചു ഭക്ഷണം കഴിച്ചു പോയി കിടക്കാൻ നോക്ക് നീ.. പപ്പാ ലേറ്റ് ആകും..”

“ഞാൻ പോകാം.. But tomorrow you should answer me.. ” നൈനിക അവിടുന്ന് പോയി

                       🌙🌙🌙

ദേവി കണ്ണുകൾ അടച്ചു സോഫയിലേക്ക് ചാരി.. അവരുടെ ഓർമ്മകൾ 26 വർഷങ്ങൾ പുറകോട്ട് പോയി.. ഡിഗ്രി പഠിച്ചു കഴിഞ്ഞ ഉടനെ ആയിരുന്നു രാജീവും ആയിട്ടുള്ള വിവാഹം.. മുംബൈ സെറ്റിൽഡ് മലയാളി ഫാമിലി.. നല്ല കുടുംബം.. എല്ലാവർക്കും ഇഷ്ടമായി പെട്ടന്ന് തന്നെ കല്യാണം നടത്തി.. കല്യാണത്തിനു ശേഷം ഒരാഴ്ച്ച കഴിഞ്ഞു മുംബൈക്ക് പറന്നു.. നാട്ടിൻപുറത്തു നിന്നും മുംബൈ നഗരത്തിലേക്കുള്ള പറിച്ചു നടൽ കുറച്ചു ബുദ്ധിമുട്ടായിരുന്നു ആദ്യം.. രാജീവ്‌ വരുന്നത് വരെ എന്തെങ്കിലും ഓക്കെ പാചകം ചെയ്തും.. പുസ്തകം വായിച്ചും സമയം കളയും.. ഒറ്റപ്പെടൽ മനസ്സിലാക്കിയ രാജീവ്‌ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ശരിയാക്കി.. രണ്ടു വർഷത്തിനുള്ളിൽ നൈനിക ജീവിതത്തിൽ വന്നു.. പിന്നീട് ജോലിക്ക് പോയിട്ടില്ല.. വീണ്ടും മൂന്നു വർഷത്തിന് ശേഷം നീൽ കടന്നു വന്നു.. അവർ ജനിച്ചതിൽ പിന്നെ ലൈഫിൽ ബോർ അടിക്കാൻ സമയം ഉണ്ടായിട്ടില്ല.. അവരുടെ പഠിത്തവും രാജീവിന്റെ കാര്യങ്ങളും എല്ലാം കൂടി നിന്നു തിരിയാൻ സമയം കിട്ടിട്ടില്ല… എല്ലാ കൊല്ലവും അമ്മ വിളിക്കും ഉത്സവം കൂടാൻ വരണേ എന്നു പറഞ്ഞു.. എവിടെ പോകാൻ?? കുട്ടികളുടെ എക്സാം ടൈം ആണ് നാട്ടിൽ ഉത്സവം..

അതിന്റെ ഇടയിൽ രണ്ടു വർഷം കൂടുമ്പോൾ കുട്ടികളുടെ വെക്കേഷന് സമയം നാട്ടിൽ ഒന്ന് പോകും.. അമ്മക്കൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും എനിക്ക് നല്ല ഓർമ്മകൾ ആണ്.. നൈനുവിനെ പോലെ അല്ല എന്റെ കൂട്ടുകാരിയും മനസാക്ഷി സൂക്ഷിപ്പുകാരിയും എല്ലാം അമ്മ ആയിരുന്നു.. അമ്മ ആയിരുന്നു എല്ലാം കല്യാണത്തിനു മുൻപ് വരെ.. ആദ്യമൊക്കെ എന്നും വിളിക്കുവാരുന്നു അമ്മയെ. പിന്നീട് ആഴ്ച്ചയിൽ ഒന്നായി.. വിളിക്കുമ്പോൾ വാ തോരാതെ പറയാനുണ്ടാകും അമ്മക്ക്.. നാട്ടിലെ ഉത്സവത്തെ പറ്റി പറയുമ്പോൾ കൊതിയാകാറുണ്ട് പലപ്പോഴും..

രാജീവ്‌ വന്നു തട്ടി വിളിച്ചപ്പോൾ ആണ് ചിന്തകളിൽ നിന്നുണർന്നത്.. ഭക്ഷണശേഷമുള്ള ജോലിയെല്ലാം ഒതുക്കി വന്നു കിടന്നു.. രാജീവ്‌ ഉറങ്ങിയിരുന്നു.. നൈനു ചോദിച്ച ചോദ്യം മനസ്സിൽ തന്നെയുണ്ടായിരുന്നു..

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് ജോലികൾ എല്ലാം ഒതുക്കി മൂന്നാൾക്കും ഉള്ള ടിഫിൻ പാക്ക് ചെയ്തു വച്ചു.. എല്ലാവരും റെഡി ആയി ബ്രേക്ക്‌ഫസ്റ്റിനും ഇരുന്നു.. പപ്പയും നീലും ഇറങ്ങിയ ശേഷം. നൈനിക ഇറങ്ങാൻ തുടങ്ങി..

“മോളേ നീ ഇന്നലെ പറഞ്ഞത് ഞാൻ കുറെ ആലോചിച്ചു..”

“മമ്മി… മമ്മി.. മമ്മി ഐ ആം ലേറ്റ്.. നമ്മുക്ക് വന്നിട്ട് സംസാരിക്കാം..”

“ഓക്കേ.. വേഗം ഇറങ്ങിക്കോ ലേറ്റ് ആകേണ്ട..”

                       🌙🌙🌙

അന്ന് വൈകുന്നേരം നൈനു എന്റെ അരികിൽ വന്നിരുന്നു

“മമ്മി എന്താ രാവിലെ പറയാൻ വന്നത്??”

“നൈനു നീ ഇന്നലെ ചോദിച്ചില്ലേ ഞാൻ എന്താ ഏറ്റവും മിസ്സ് ചെയ്യുന്നത് എന്ന്??”

“ഹ്മ്മ്..”

“അത് എന്നെ തന്നെയാ നൈനു.. പഴയ എന്നെ.. പഴയ എന്റെ ജീവിതം.. മുറ്റത്തും തൊടിയിലും ഓക്കെ ഓടി നടന്നും.. അമ്പലങ്ങളിൽ കൂട്ടുകാരികളോടൊപ്പം നടന്നു പോയിരുന്നതും.. വൈകുന്നേരങ്ങളിൽ അമ്മയെ ചുറ്റി വരിഞ്ഞിരുന്നു വിശേഷങ്ങൾ പറഞ്ഞതും.. ഉത്സവത്തിനു അമ്മയോടും ചെറിയമ്മയോടും ചേച്ചിമാരോടും ഒപ്പം പോകുന്നതും.. കോൽ ഐസ് വാങ്ങി കഴിച്ചിരുന്നതും.. അങ്ങനെ ഒരുപാട് ഒരുപാട് ഉണ്ട്.. കല്യാണ ശേഷം ഇതൊന്നും മമ്മി ആസ്വദിച്ചിട്ടില്ല..”

“ആഹാ.. മമ്മി വേറെ ഏതോ ലോകത്തിൽ എത്തിയല്ലോ..”

“ഹ്മ്മ്.. മമ്മിക്ക് ഒരുപാട് സന്തോഷമായി നൈനു നീ എന്നോട് ചോദിച്ചല്ലോ ഇങ്ങനെ.. നീയും ഞാനും ഉള്ളതിലും അടുപ്പമായിരുന്നു മമ്മിയും അമ്മമ്മയും. പക്ഷേ ഞാൻ അമ്മമ്മയോട് ഇതുവരെ ഇഷ്ടങ്ങളെ പറ്റി ഒന്നും ചോദിച്ചിട്ടില്ല.. I love you..”

“I love you too മമ്മി..”

കുറച്ചു നാളുകൾക്കു ശേഷം ഒരു വൈകുന്നേരം രാജീവും മക്കളും ഒരുമിച്ചു എന്റെ അരികിൽ വന്നു.. നൈനിക എന്റെ നേരെ ഒരു കവർ നീട്ടി..

“ഇതെന്താ നൈനു..”

“ഫ്ലൈറ്റ് ടിക്കറ്റ്.. ഈ ഉത്സവത്തിനു മമ്മി നാട്ടിലേക്കു പോകുന്നു..”

“നിങ്ങളോ??”

“ഞങ്ങൾക്ക് ലീവ് ഇല്ലാ മമ്മി” നീൽ പറഞ്ഞു

“അപ്പോൾ ഞാൻ എങ്ങനെയാ പോവുക.. നിങ്ങളുടെ കാര്യം ഓക്കെ എങ്ങനെയാ??”

“മമ്മി ഞങ്ങൾ ഇത്രെയും ആയില്ലേ.. എനിക്ക് മാനേജ് ചെയ്യാൻ പറ്റും ഇവിടുത്തെ കാര്യങ്ങൾ.. മമ്മിയുടെ ലൈഫ് എന്തു ബോറിങ് ആണ്.. ഒരു സ്മാർട്ട്‌ ഫോൺ പോലും ഉപയോഗിക്കില്ല.. ഈ പ്രാവശ്യം നാട്ടിൽ പോയി എല്ലാം സാവധാനം കണ്ടും ആസ്വദിച്ചും തിരികെ വന്നാൽ മതി..”

ഞാൻ രാജീവിനെ നോക്കി

“പോയിട്ട് വാടോ.. താൻ ഇപ്പോഴും ആ പഴയ നാട്ടിൻപുറത്തുകാരിയാ ഉള്ളിൽ..”

                      🌙🌙🌙

അങ്ങനെ മൂന്നാളും കൂടി എന്നെ നാട്ടിലേക്ക് യാത്ര അയച്ചു.. വീടിന്റെ ഉമ്മറത്തു വന്നപ്പോഴേ നാസികയിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു അമ്മയുടെ മാമ്പഴ പുളിശ്ശേരിയുടെ ഗന്ധം.. ചെന്നതെ അച്ഛൻ മോളേ എന്ന് വിളിച്ചു കയ്യിൽ പിടിച്ചു.. പിന്നാലെ അമ്മയും വന്നു പുണർന്നു..

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആ പഴയ ഇരുപത് വയസ്സുകാരി ആവുകയായിരുന്നു.. രാവിലെ എഴുന്നേറ്റ് വരുമ്പോൾ അമ്മ തലയിൽ എണ്ണയിട്ടു തരും.. ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കും.. ഒരുപാട് കാലത്തിനു ശേഷം രുചിയുള്ള ആഹാരം കഴിച്ചു വയറും മനസ്സും നിറഞ്ഞു.. ഉച്ചക്ക് അമ്മയുടെ മടിയിൽ കിടന്നുള്ള ചെറു മയക്കം.. അങ്ങനെ അങ്ങനെ..

അമ്മയുടെ കയ്യും പിടിച്ചു കാവിൽ ഉത്സവം കൂടാനും പോയി.. കൂടെ ചെറിയമ്മയും അമ്മായിയും ചേച്ചിമാരും എല്ലാം ഉണ്ടായിരുന്നു.. ഒരുപാടു നാളുകൾക്കു ശേഷം കുറെ സന്തോഷം മനസ്സിൽ വന്നു നിറഞ്ഞു.. ഒരിക്കലും ഇടില്ലെങ്കിലും ഉത്സവ പറമ്പിൽ നിന്നും നൈനുവിന് വേണ്ടി കുപ്പി വളകളും വാങ്ങി..

പോകുന്നതിന് രണ്ടു ദിവസം മുൻപ് അമ്മയുടെ മടിയിൽ കിടക്കുമ്പോൾ ഞാൻ ചോദിച്ചു

“അമ്മക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഉള്ളത് അല്ലെങ്കിൽ മിസ്സ് ചെയ്യുന്നത് എന്താ??”

കുറച്ചു സമയത്തിനു ശേഷം അമ്മ പറഞ്ഞു

“രണ്ടും നീയാ മോളേ.. നീ പോയി കഴിഞ്ഞു ഞങ്ങളുടെ ലോകം ശൂന്യം ആയിരുന്നു.. ഇടയ്ക്കൊക്കെ നീ ഇങ്ങനെ വന്നു നിന്നിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്.. എന്തിന് ഒന്ന് വിളിച്ചാരുന്നെങ്കിൽ എന്നോർത്തിട്ടുണ്ട് ചില ദിവസങ്ങളിൽ തനിയെ ഇരിക്കുമ്പോൾ..”

ഞാൻ ഒന്നും പറഞ്ഞില്ല മറുപടി.. കണ്ണുകൾ ഈറനണിഞ്ഞിരുന്നു ഞങ്ങൾ ഇരുവരുടെയും..

തിരികെ പോകുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു.. ഇടക്കെങ്കിലും ചില തിരിച്ചുപോക്കുകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം.. മറ്റാർക്കു വേണ്ടി അല്ലെങ്കിലും നമ്മളിലെ നമ്മുക്ക് വേണ്ടിയെങ്കിലും..

A compelling story by Gayathri Govind

Related Articles

Leave a Comment